About

സര്‍വ്വൈശ്വര്യപ്രദായിനിയും സര്‍വ്വമംഗളകാരിണിയു മായ കരുപ്പൂരമ്മ വാണരുളുന്ന കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രം, രാജഭരണകാലത്തോളം പുരാതനവും ചരിത്ര പ്രസിദ്ധവുമാണ്. തലമുറകളിലൂടെ കൈമാറിവന്ന ആചാരാനുഷ്ടാനങ്ങള്‍ യാദാവിധി പാലിച്ച് മഹാക്ഷേത്രങ്ങളില്‍ എന്നും പ്രധാമാസ്ഥാനത്തുതന്നെ ഈ ക്ഷേത്രം നിലകൊണ്ടിട്ടുണ്ട്‌. മഹാക്ഷേത്രസങ്കല്പങ്ങളില്‍ അനിവാര്യമായ നാലമ്പലം, കൊടിമരം, ഗോപുരം എന്നീ സ്ഥാനങ്ങള്‍ യാഥാര്‍ത്ഥയമാക്കുന്നതിനായി ക്ഷേത്രട്രസ്റ്റ് ലോകപ്രസിദ്ധവാസ്തുപണ്ഡിതന്‍ ശ്രീ.ചെറുവള്ളി നാരായണന്‍ നമ്പൂതിരിയെ സമീപിക്കുകയും അദ്ദേഹം ക്ഷേത്രം സന്ദര്‍ശിച്ച് ക്ഷേത്രമന തിരിച്ച്നാലമ്പലം, കൊടിമരം, ഗോപുരം, ഉപദേവതാസ്ഥാനങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കുകയും ചെയ്തു. തുടര്‍ന്ന്‍ ദേവഹിതം അറിയുന്നതിനായി ദേവപ്രശ്നം നടത്തുകയും ദേവപ്രശ്നത്തില്‍ അടിയന്തിരമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ദൈവഹിതവും ഉണ്ടായി. ഭക്തജനങ്ങളുടെ എക്കാലത്തെയും ആഗ്രഹമായിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 26-01-2014 ല്‍ കൂടിയ വാര്‍ഷിക പൊതുയോഗം നിര്‍മ്മാണ അനുമതി നല്‍കുകയും ചെയ്തു. അതിന്‍പ്രകാരം 2014 മാര്‍ച്ച്‌ 5 (1189 കുംഭം 21) ബുധനാഴ്ച ശ്രീ.ചെറുവള്ളി നാരായണന്‍ നമ്പൂതിരി കുറ്റിയിടല്‍ കര്‍മ്മം നടത്തുകയും 2014 ജൂലൈ 9 (1189 കുംഭം 2) ബുധനാഴ്ച ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ.കേശവന്‍ നമ്പൂതിരി അരയാല്‍ കീഴില്ലം, തിരുവല്ല, ശിലാസ്ഥാപനം നടത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ശില്പി ജി.രാജു, ശിവാലയം, കള്ളിപ്പാറ, നന്ദിയോടിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. ഏകദേശം ഒരുകോടി രൂപയോളം നിര്‍മ്മാണചെലവ് പ്രതീക്ഷിക്കുന്ന ഈ വികസനപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിച്ച് ദേവിക്ക് സമര്‍പ്പിക്കേണ്ടത് ഓരോ ദേവീഭക്തരുടേയും ഉത്തരവാദിത്വവും കടമയുമാണേന്നത് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.... വികസനപ്രവര്‍ത്തനങ്ങളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിനായി ഇന്നാട്ടിലെ മുഴുവന്‍ നല്ലവരായ ഭക്തജനങ്ങളുടെയും അകമഴിഞ്ഞുള്ള സഹായസഹകരണങ്ങള്‍ അനിവാര്യമാണ്. മുന്‍കാലങ്ങളില്‍ നിങ്ങള്‍ നല്‍കിയ പ്രചോദനവും പിന്തുണയുമാണ് ഈ ബ്രിഹത്പദ്ധതി ഏറ്റെടുക്കുവാന്‍ ക്ഷേത്രട്രസ്റ്റിനെ പ്രേരിപ്പിക്കുന്നത്. ഈ വികസനപ്രവര്‍ത്തനങ്ങളില്‍ ഇന്നാട്ടിലെ എല്ലാ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ദേവീനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.