തിരുവിതാംകൂറിന്റെ പൂര്‍വ്വരൂപമായ വേണാട്, ഉമയമ്മറാണി ഭരിച്ചിരുന്നകാലം അന്നവര്‍ വസിച്ചിരുന്നത് ഇന്ന് പുരാവസ്തുവിന്റെ കൈവശമിരിക്കുന്ന നെടുമങ്ങാട് “കോയിക്കല്‍ കൊട്ടാരം” എന്നറിയപ്പെടുന്ന രാജധാനിയിലായിരുന്നു. ശത്രുഭയം കാരണം അവിടെനിന്നും സുരക്ഷിതമായി മാറിതാമസിക്കുവാന്‍ “കരുപ്പൂര്” ദേശത്തും ഒരു കൊട്ടാരം പണിതു. ഇന്ന് ആ സ്ഥലം “കൊട്ടാരംവിള” എന്നാണ് അറിയപ്പെടുന്നത്. അവിടേയ്ക്ക് കോയിക്കല്‍കൊട്ടാരത്തില്‍ നിന്നും ഗുഹാമാര്ഗ്ഗവും പണിതിരുന്നു. (ഗുഹാമുഖം കോയിക്കല്‍ കൊട്ടാരകെട്ടിനുള്ളില് ഇന്നും കാണാവുന്നതാണ്). അന്ന് മഹാറാണിയ്ക്കും കുടുംബാംഗങ്ങള്‍ക്കും കരുപ്പൂര് കൊട്ടാരകെട്ടിനുള്ളില് ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അവിടത്തെ ആരാധനാമൂര്‍ത്തി ശ്രീഭദ്രകാളി ആയിരുന്നു. കാലാന്തരത്തില്‍ മഹാറാണിയ്ക്ക് കൊട്ടാരം ഉപേക്ഷിച്ചു പോകേണ്ടിവന്നപ്പോള്‍ അവിടത്തെ ആരാധനാമൂര്‍ത്തിയായ ശ്രീഭദ്രകാളിയെ കൂടി ആവാഹിച്ചുകൊണ്ടുപോകാന് ശ്രമിച്ചതാണ്. നടന്നില്ല. അതിനാല്‍ ആ ആരാധനാമൂര്‍ത്തിയെ വച്ചാരാധിക്കുവാനുള്ള അവകാശം ആസ്ഥലത്തെ പ്രമുഖ കരക്കാരില്‍ ഒരുകുടുംബത്തെ ഏല്‍പ്പിക്കുകയും ചെയ്തു. രാജകുടുംബാംഗങ്ങള്‍ ആരാധിച്ചിരുന്ന ദേവിയെ വച്ചാരാധിക്കുവാന് കിട്ടിയ അവകാശം അവര്‍ അഭിമാനമായി കാണുകയും ചെയ്തു. കാലാന്തരത്തില്‍ അവര്‍ മറ്റ് ആറു കുടുംബക്കാരെ കൂടി കൂട്ടി ഏഴുവീട്ടുക്കാര് സ്വയം ചുമതല ഏല്ക്കുകയും ആ ചുമതല അവര്‍ അഭിമാനപൂര്‍വ്വം നടത്തിവരികയും ചെയ്തു. ഇന്ന് കരിപ്പൂര്‍ ഏല എന്നറിയപ്പെടുന്ന കൊയ്തു ഒഴിഞ്ഞ നെല്‍പ്പാടത്ത് (നെല്‍കൃഷി അന്യംനിന്നപ്പോള്‍ വയല്‍ കരഭൂമിയായി) പച്ചപന്തല് കെട്ടി ദേവിയെ കുടിയിരുത്തി ഉത്സവം ആഘോഷിക്കുകയായിരുന്നു പ്രധാന ചടങ്ങ്. കാലം കടന്നുപോയപ്പോള്‍ ആ ഏഴ്കുടുംബക്കാര് തങ്ങളില്‍ അര്‍പ്പിതമായ ചുമതലയും ഉത്തരവാദിത്വവും നാനാജാതിവിഭാഗങ്ങളില്പ്പെട്ട മറ്റ് ഇരുപത്തിഒന്ന് കുടുംബക്കാരെ കൂടി ഏല്‍പ്പിക്കുകയും അവര്‍ ഉള്‍പ്പെടെ ഇരുപത്തിയെട്ട് വീട്ടുകാര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തിയെ ഒത്തൊരുമയോടെ വളരെക്കാലം വച്ചാരാധിക്കുകയും ചെയ്തു. അതിനുശേഷമാണ് പച്ചപന്തലിനു പകരം പുഴക്കരയില്‍ ഒരുക്ഷേത്രം പണിയുകയും ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തത്. കാലപ്രവാഹത്തില്‍ നാടിന്റെ സാമ്പത്തികവും സാമൂഹികവുമായ വ്യവസ്ഥിതികളില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ക്ഷേത്രകാര്യങ്ങള്‍ തങ്ങളില്‍ മാത്രമായിരുന്നാല്‍ പോരന്നുവരികയും ക്ഷേത്രഭരണം ജനകീയ കമ്മറ്റിയുടെ കരങ്ങളില്‍ എത്തപ്പെടുകയും ചെയ്തു. തുടര്‍ന്ന് നിയമാനുസരണം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ട്രസ്റ്റിനു കീഴിലാണ് ക്ഷേത്രഭരണം നടന്നുവരുന്നത്. കുംഭമാസത്തിലെ “ഉത്രട്ടാതി”നാളില്‍ തൃക്കോടിയേറി ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന “ഉത്രട്ടാതിമഹോത്സവം” മാണ് വാര്‍ഷികോത്സവം. മകരമാസത്തിലെ “ഉത്രാടം” നക്ഷത്രത്തിലാണ് പുന:പ്രതിഷ്ഠവാര്‍ഷികം. കന്നിമാസത്തിലെ പ്രഥമ മുതല്‍ നവമിവരെ നവരാത്രിമഹോത്സവവും, കര്‍ക്കിടകമാസത്തിലെ അമാവാസിനാളില്‍ പിതൃബലിതര്പ്പണവും, രാമായണമാസാചരണവും, നിറപുത്തരിയും പൗര്‍ണമിനാളില്‍ പൗര്ണമിപൊങ്കാലയും, പൗര്‍ണമി പൂജയും ആയില്യം നാളില്‍ ആയില്യപൂജയും തുലാമാസത്തിലെ ആയില്യംനാളില്‍ പ്രത്യേക നാഗരൂട്ടും വിശേഷഉത്സവങ്ങളായി കൊണ്ടാടി വരുന്നു.